പക്ഷികളുടെ നാശവും മൊബൈൽ ടവറുകളുടെ അതിപ്രസരവും
കുറെ നാൾ മുൻപ് റിലീസായ ഈ രജനികാന്ത് ചലച്ചിത്രം ആദ്യം ഞാൻ ഒട്ടും ശ്രദ്ധിച്ചതേയില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന അബിനുകൂടി ഇഷ്ടപ്പെടാൻ സാധ്യതയുള്ള സയൻറിഫിക് ഫിക്ഷൻ സിനിമ ആയതിനാലാണ് ഈ ഞായറാഴ്ച ഈ സിനിമ കാണാൻ മനസ്സില്ലാ മനസ്സോടെ തുനിഞ്ഞത്.
അതിലെ vfx ഇഫക്ടുകൾ വളരെ മികവുറ്റത് ആണ് എന്ന് റിവ്യൂകളിൽ പറയുന്നുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിന് വിരുദ്ധമായി നല്ല ഒരു പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഉണ്ടാകുന്നത്. അതും ഇന്റർവലിനു ശേഷം മാത്രമേ നമുക്ക് പിടി കിട്ടുകയുള്ളൂ.
ചുരുക്കി പറഞ്ഞാൽ വളരെ നല്ല ഒരു തീം ആണ്. സിനിമയുടെ കഥ അനാവരണം ചെയ്യാതെ തന്നെ അതിൽ എനിക്ക് ഇഷ്ടപ്പെട്ട അതിലെ തീമിനെപ്പറ്റി പറയാം.
" ഏഴാം അറിവ് " തുടങ്ങിയ തമിഴ് സിനിമകളിൽ തുടങ്ങി വച്ച പുതു പ്രമേയങ്ങൾ ഇന്നും തുടരുന്നു. സമൂഹത്തിലെ അനാചാരങ്ങൾക്കും അശാസ്ത്രീയ പ്രവണതകൾക്കും എതിരേ ആഞ്ഞടിക്കുന്ന സിനിമകൾ ഒട്ടുമുക്കാലും തമിഴിന്റെ സൃഷ്ടികൾ ആണ്. പുതിയ പ്രവണതകൾ ആയ റിയൽ എസ്‌റ്റേറ്റ് ആയാലും ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ ആയാലും മറ്റ് തെറ്റായ പ്രവണതകൾക്കെതിരേ തമിഴ് സിനിമ ആഞ്ഞടിക്കുന്നു. എന്തു കൊണ്ട് ഇത് മലയാളത്തിൽ സംഭവിക്കുന്നില്ല എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്.
കാര്യത്തിലേക്ക് വരാം. ബിൽഡിംഗ് ബയോളജി എന്ന ജർമ്മൻ ശാസ്ത്രമായ ബാവു ബയോളജി പ്രാക്ടീസ് ചെയ്യുന്ന കേരളത്തിലെ വിരലിൽ എണ്ണാവുന്ന ആളുകളിൽ ഒരാളാണ് ഞാൻ. അമിത റേഡിയേഷൻ പ്രസരിപ്പിക്കുന്ന മൊബൈൽ ടവറുകൾ എണ്ണത്തിൽ അധികമാകുന്നതും അതിന്റെ വ്യാപ്തിയും ശക്തിയും അധികരിച്ചു കൊണ്ടുവരുന്നതും ഏവർക്കും അറിവുള്ള കാര്യമാണ്. നമ്മുടെ ഒരു അവയവം പോലെ നമ്മുടെ ഭാഗമായ മൊബൈൽ ഫോണിൽ അടിസ്ഥാനപരമായി സംസാരിക്കാനുള്ള ഒരു സംവിധാനത്തിന് പുറമേ ഡേറ്റയും ഇൻറർനെറ്റും ഒക്കെ ഇപ്പോൾ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ വികാസത്തിന് അനുസരിച്ച് 3G, 4G, 5G എന്നിങ്ങനെ സിസ്റ്റം എരോഗമനത്തിന്റെ പാതയിൽ ആണ്.
മൊബൈൽ ഫോണിലൂടെ പ്രത്യേകിച്ച് ഒരു സ്മാർട്ട് ഫോൺ കയ്യിൽ ഉണ്ടെങ്കിൽ അതിലൂടെ എന്തും നടത്താം എന്ന ഒരവസ്ഥ നിലവിൽ വന്നിട്ടുണ്ട്. എന്തിനും ഏതിനും അപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ സാങ്കേതിക വിദ്യകളെ ഒന്നും വില കുറച്ച് കാണുകയല്ല പകരം അതിനൊക്കെ പരിധി നിശ്ചയിക്കാൻ നമുക്ക് തന്നെ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് നിലവിൽ ഉള്ളത്. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ഇത്തരത്തിലുള്ള മൊബൈൽ ഫോണിന്റെ അഡിക്ഷനിൽ നിന്ന് മോചിതരല്ല.
എന്റെ ബാവു ബയോളജി ഗുരുവായ ജർമ്മൻ ആർക്കിടെക്ട് ഹെൽമട്ട് സീഹ് ( Ar. Helmult Zeihe) പലപ്പോഴും ആവർത്തിച്ചു പറയുന്നത് പോലെ മൊെബെൽ ടവറുകളും ഫോണുകളും വളരെ അപകടകാരികൾ ആണ്. അദ്ദേഹം അത് ശാസ്ത്രീയമായി ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോട് കൂടി ഞങ്ങളുടെ മുന്നിൽ വിശദീകരിച്ചിട്ടുള്ളതാണ്. എഞ്ചിനീയർമാർ എന്ന നിലയിൽ അത് നമുക്ക് ബോധ്യപ്പെട്ടതും ആണ്. വൈഫെ (wifi) അതിലും അപകടകരമാണെന്ന് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്.
ഞാൻ ഇടതു കയ്യിൽ പിടിച്ചിരിക്കുന്ന ഫോണിൽ രണ്ട് ഓപ്പറേറ്റർമാരുടെ സിഗ്നൽ തള്ളിത്തിരമ്പുന്നുണ്ട്. ഈ സ്മാർട്ട് ഫോണും ഇപ്പോൾ ഉച്ചയോഗിച്ചു കൊണ്ടിരിക്കുന്ന റയിൽവേയുടെ ഫ്രീ വൈ ഫെയുമൊക്കെ അപകടകരമാണെന്ന അറിവ് എനിക്കും ഉണ്ട്. പക്ഷേ ഫോൺ ആവശ്യം എന്നതിൽ ഉപരി വിനോദത്തിനുള്ള മാർഗ്ഗം കൂടിയാകുമ്പോൾ കാര്യങ്ങൾ എവിടെ ചെന്നു അവസാനിക്കും എന്ന് ഇപ്പോൾ ആർക്കും തന്നെ ഊഹിച്ചു പറയാനോ പ്രവചിക്കാനോ കഴിയില്ല.
പക്ഷി രാജനായ അക്ഷയ് കുമാർ പറയുന്ന ചില പ്രധാന കാര്യങ്ങളാണ് ബാവു ബയോളജിസ്റ്റ് എന്ന നിലയിലും ഒരു സാധാരണ പ്രകൃതി സ്നേഹി എന്ന നിലയിലും ഞാൻ അധികം പ്രാധാന്യം നൽകി ഇവിടെ പരാമർശിക്കുന്നത്. സിനിമയുടെ ഫാന്റസിയും മറ്റ് പൊടിപ്പും തൊങ്ങലും 3D എഫക്ടും എല്ലാം മാറ്റിവച്ച് അ വസ്തുതകളിയേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.
1) മൊബൈൽ ഫോൺ ഓപ്പറേറ്ററുകളുടെ എണ്ണം ഇന്ത്യയിൽ അമിതമാണ്. ഒരു ഓപ്പറേറ്ററുടെ മാത്രം വരിക്കാരായ നമ്മൾ ആവശ്യമില്ലാതെ തന്നെ പത്താളം ഓപ്പറേറ്റർമാരുടെ വൈദ്യുതകാന്തിക വികിരണത്തിന് ടാർജറ്റ് ആകുന്നു. വിദേശ രാജ്യങ്ങളിൽ രണ്ടോ മൂന്നോ ഓപ്പറേറ്റർമാർ മാത്രം മൊബൈൽ ഫോൺ നെറ്റ് വർക്ക് കൈകാര്യം ചെയ്യുമ്പോൾ ഇവിടെ അത് നടപ്പിലാകുന്നില്ല. 2008 ൽ DC ബുക്സ് വഴി ഞാൻ പ്രസിദ്ധീകരിച്ച ജീവനുള്ള കെട്ടിടങ്ങൾ എന്ന ബുക്കിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇതിന് ഒരു സംവിധാനം ഉണ്ടാകണം. ഒരു പ്രദേശത്ത് ഒരു കാരണവശാലും മൂന്നിൽ കൂടുതൽ മൊബൈൽ സേവനദാതാക്കൾ വേണ്ടേ വേണ്ട.
2) മൊബൈൽ ഫോൺ ശരീരത്തിൽ കുറച്ചു സമയം ചേർത്തു പിടിച്ചാൽ ശരീരത്തിന് ഒരു പെരുപ്പും വല്ലായ്മയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഒരു കയ്യിൽ ഫോൺ പിടിച്ചാൽ മറുകയ്യിന്റെ ശക്തി ലേശം കുറയുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. നമ്മുടെ ശക്തി ചക്രങ്ങളെയും (chakra) അതിലെ സ്വാഭാവികമായ ഊർജ്ജ പ്രവാഹത്തേയും ഈ ഗാഡ്ജറ്റുകൾ വിപരീതമായോ അമിതമായോ സ്വാധീനിക്കുന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കന്നത്. പക്ഷേ മനുഷ്യന്റെ തനതായ ഡൈനാമിക് ഡിഫൻസിഗ് എബിലിറ്റി (ചലനാത്മകമായ പ്രതിരോധ ശേഷി) ഇതിനെതിരെ എപ്പോഴും പൊരുതി നിൽക്കുന്നതും അതിന്റെ സ്ട്രാറ്റജി മാറ്റുന്നതും നാമറിയാതെ തന്നെ നമ്മുടെ രക്ഷയ്ക്ക് കാരണമാകുന്നു. അതിനാൽ അധികമാരും പ്രത്യക്ഷത്തിൽ ഈ 'മാരണ'ത്തെപ്പറ്റി ബോധവാന്മാർ ആകുന്നില്ല.
3) ഒരു ഫോണിന് ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാം എങ്കിൽ പതിനായിരക്കണക്കിന് ഫോണുകളെ നിയന്ത്രിക്കുന്ന മൊബൈൽ ഫോൺ ടവറുകൾ നിരുപദ്രവകാരികൾ ആണോ? നമുക്ക് ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു പ്രോബ്ലം എലിമെന്റിനെ (ദോഷ ഘടകത്തെ) ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി നാം നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അതിൽ നാം സ്വയം സന്തോഷിക്കുന്നു. സിനിമയിൽ പക്ഷി രാജൻ പറയും പോലെ മൊബൈൽ സേവനദാതാക്കൾ അവരുടെയിടയിലുള്ള കിടമത്സരം കാരണം അനുവദനീയമായ ഫ്രീക്വൻസിയിലും കൂടുതൽ ഫ്രീക്വൻസിയിൽ സേവനം നൽകി കൂടുതൽ കസ്റ്റമേഴ്സിനെ സ്വന്തമാക്കുന്നു. അഴിമതിക്ക് പേരുകേട്ട നമ്മുടെ നാട്ടിൽ നിയമം കാറ്റിൽപ്പറത്താൻ അത്രയേറെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതാൻ വയ്യ. അത് സിനിമയിലെ വാദം ശരിവയ്ക്കുന്നു.
4) മനുഷ്യന് പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സിലാക്കാൻ പറ്റുന്ന തരംഗങ്ങളുടെ പരിധി വളരെ ചെറുതാണ്. Xray നമുക്ക് കാണാനോ അറിയാനോ പറ്റില്ല. പക്ഷേ അത് ദോഷം ചെയ്യുമെന്നും കോശങ്ങളുടെ ജനിതക ഘടന വരെ മാറ്റും എന്ന് സ്കൂളിൽ പഠിച്ചിട്ടുള്ള ഏവർക്കും അറിവുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ മറ്റു ജീവികൾ ഇത്തരം തരംഗങ്ങൾ കേൾക്കുന്നു കാണുന്നു. അതിനാൽത്തന്നെ മൊബൈൽ ടവറുകൾ പുറത്തു വിടുന്ന റേഡിയേഷൻ മറ്റ് ജീവജാലങ്ങൾക്ക് സുരക്ഷിതമാണ് എന്ന് കരുതാനേ വയ്യ. അപ്പോൾ വളരെ മൃദുവായ ശാരീരിക ഘടനയുള്ള പക്ഷികൾക്ക് പ്രത്യേകിച്ച് കുരുവികൾക്ക് അത് താങ്ങാൻ കഴിയില്ല. സിനിമയിലെ അതിഭാവുകത്വത്തിന്റെ അല്ലെങ്കിൽ ഭാവനയുടെ അടിസ്ഥാനത്തിൽ കഴുകനെപ്പോലെയുള്ള പക്ഷികൾക്ക് റേഡിയേഷനിൽ നിന്ന് മ്യൂട്ടേഷൻ സംഭവിച്ചാൽ അവ മനുഷ്യനെ ആക്രമിക്കുന്നത ഭീകരജീവികൾ ആയി. മാറിയേക്കും.
5) കൃഷിയെ നശിപ്പിക്കുന്ന പുഴുക്കളെയും കീടങ്ങളെയും തിന്നൊടുക്കാൻ പക്ഷികൾ തന്നെ വേണം. ഇത് നാം ബയോളജി ക്ലാസ്സിൽ പഠിച്ചിട്ടുളള സത്യങ്ങൾ ആണ്. ക്രമാതീതമായി ഏത് ജീവികൾ പെറ്റുപെരുകിയാലും അതിനെ നശിപ്പിക്കാനും അതിന്റെ അന്തകൻ ജന്മമെടുക്കും. അമിതമായ പാമ്പിന്റെ എണ്ണം പോലും നിയന്ത്രിക്കുന്നത് പരുന്ത് അടക്കുള്ള പക്ഷികളാണ്. ഇലയും പൂവും കായും തിന്ന് തീർക്കുന പുഴുക്കളെ നശിപ്പിക്കുന്നത് വഴി നമ്മുടെ ഭക്ഷ്യ സുരക്ഷയ്ക്ക് പോലും പക്ഷികളുടെ ആരോഗ്യകരമായ സാന്നിദ്ധ്യം അനിവാര്യമാണ്.
6) ഈ ഭൂമി മനുഷ്യർക്ക് മാത്രം ജീവിക്കാനുള്ള ഇടമാണ് എന്ന് തെറ്റിദ്ധരിച്ചിരിച്ചിരിക്കുന്ന ധാരാളം - നമ്മുടെയിടയിൽ അമീബ തുടങ്ങി കോടാനുകോടി ജീവജാലങ്ങളെ പോറ്റി വളർത്തുന്ന ഈ ഭൂമിയിൽ മനുഷ്യൻ അവയിൽ ഒന്ന് മാത്രമാണ്. ഒരു തരം ജീവികൾ മറ്റുള്ളവയുടെ നാശത്തിന് തുടർച്ചയായി വഴിതെളിക്കുമ്പോൾ പ്രകൃതി സ്വമേധയാ നാശം വിതയ്ക്കുന്ന ആ വർഗ്ഗത്തെ ഇല്ലാതാക്കുന്നു . ഈ ഗതി മനുഷ്യ കുലത്തിന് ഉണ്ടാകാതിരിക്കട്ടെ. പ്രകൃതി ഇത്തരത്തിൽ എല്ലാ ജീവജാലങ്ങളുടേയും സന്തുലിതമായ നിലനില്പിനെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യൻ മറ്റ് ജീവജാലങ്ങളുടെ നിലനില്പിന് ഭീഷണിയായാൽ അത് മനുഷ്യകുലത്തിന്റെ നിലനില്പിന് തന്നെ കാരണമായേക്കാം എന്നാണ് നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
രജനികാന്തിന്റെ ഈ പുതിയ സിനിമ നിങ്ങൾ എല്ലാവരും കണ്ടുകാണും എന്ന ധാരണയിലാണ് ഞാൻ സിനിമയെപ്പറ്റി ഒന്നും പറയാതിരുന്നത്. മൊബൈൽ ഫോണിന്റെ അപകടങ്ങൾ ഒരു പരിധി വരെയെങ്കിലും നമ്മെ ആശങ്കാകുലരാക്കിയത് തിയേറ്ററിൽ ഈ സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഏതാനും മണിക്കൂറുകൾ മാത്രമാകും. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ നമ്മൾ എല്ലാം മറന്നുകാണും. പുതിയ ഫോണിന്റെ സാധ്യതകൾ അറിയാനും നെറ്റ് വർക്കിന്റെ ശക്തിയെ അഭിനന്ദിക്കാനും നാം മറക്കുന്നില്ല. ( സാരമില്ല.ബ്രോ... നമ്മൾ എല്ലാവരും അങ്ങനെയാ..)